വയനാട്ടില്‍ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു

വയനാട് : ബത്തേരിയിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി സ്വദേശി ചന്ദ്രമതി ആണ് തൊടുവട്ടി സ്വദേശി ബീരാനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. ചന്ദ്രമതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. വൈകിട്ട് മൂന്ന് മണിയോടെയാണ് പഴേരിയിലെ വീട്ടിൽ ചന്ദ്രമതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്ന് ബീരാന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബീരാനു ഭാര്യയും 2 മക്കളുമുണ്ട്.

ചന്ദ്രമതിയും മാതാവ് ദേവകിയും വീട്ടിലുള്ളപ്പോഴാണു സുഹൃത്തായ ബീരാൻ ഗു‍ഡ്സ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അമ്മയെ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്കു ചന്ദ്രമതി പറഞ്ഞയച്ചു. പിന്നീടു ദേവകി തിരിച്ചെത്തിയപ്പോഴാണു മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബീരാന്റെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിനുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇതിലെ പ്രശ്നങ്ങളാകാം അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.