മുന്‍മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍ : മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു

രണ്ടു തവണ സംസ്ഥാന വനം മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായി. തൃശൂര്‍ ഡി സി സി സെക്രട്ടറി, കെ പി സി സി നിര്‍വാഹക സമിതി, തിരഞ്ഞെടുപ്പ് സമിതി, ഖാദി ബോര്‍ഡ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.

കുന്ദംകുളം, കൊടകര മണ്ഡലങ്ങളെയാണു നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ സി പി എമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം താലൂക്കില്‍ കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകനായിരുന്നു.