പത്തനംതിട്ട: പന്തളത്തെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികളായ കുട്ടികളെ തിരുവനന്തപുരത്തുനിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരം കിഴക്കേകോട്ടയില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

മൂന്ന് പെണ്‍കുട്ടികളെ സംശയാസ്പദമായസാഹചര്യത്തില്‍ കണ്ടതോടെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ഇവരോട് കാര്യം തിരക്കിയത്. ഇതോടെയാണ് പന്തളത്തെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പന്തളം പോലീസിന് വിവരം കൈമാറുകയായിരുന്നു. പന്തളം പോലീസ് തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടികളെ തിരികെ എത്തിച്ചു. ഇവരില്‍നിന്ന് വിശദമായ മൊഴിയും രേഖപ്പെടുത്തി.


ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പന്തളത്തെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടികളെയാണ് പിന്നീട് കാണാതായത്. ഇവര്‍ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നതോടെ സ്കൂള്‍ അധികൃതരാണ് അഭയകേന്ദ്രത്തില്‍ വിവരം അറിയിച്ചത്. ഇതോടെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവിടത്തെ താമസത്തില്‍ മനപ്രയാസം അനുഭവിക്കുന്നുണ്ടെന്നും അതിനാലാണ് ഇവിടെനിന്ന് ചാടിപ്പോയതെന്നുമാണ് വിദ്യാര്‍ഥിനികളുടെ മൊഴി. മൂന്നുപേരെയും ചൊവ്വാഴ്ച വൈകിട്ടോടെ അടൂര്‍ കോടതിയില്‍ ഹാജരാക്കും.























