എറണാകുളത്തെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.