തിരുവനന്തപുരം: സിനിമ -സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ഭാഗ്യരാജ് അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ജാമ്യത്തില്‍ പോയശേഷവും ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു.

























