കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ കേസ്; എസ്ഐ അറസ്റ്റില്‍

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്താൻ സഹായിച്ച എസ്.ഐ. അറസ്റ്റില്‍. മുക്കം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ.യായ ടി.ടി.നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നൗഷാദിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്.ഐ.യെ ജാമ്യത്തില്‍ വിട്ടു.

2023 ഒക്ടോബര്‍ 10-ന് പുലര്‍ച്ചെയാണ് മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയത്. ബൈക്ക് യാത്രക്കാരന്റെ അപകടമരണക്കേസിലാണ് മണ്ണുമാന്തിയന്ത്രം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍, പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ഉടമയുടെ മകനും കൂട്ടാളികളും എത്തി കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

എസ്.ഐ.യായിരുന്ന നൗഷാദ് ഇതിനുവേണ്ട സഹായംനല്‍കി. കേസില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുടെ മകനടക്കം പ്രതികളാണ്. ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് പ്രതികള്‍ ഇത് കടത്തിക്കൊണ്ടുപോയത്.