പൂപ്പാറയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസ് : പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ അടക്കണം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും നാൽപതിനായിരം രൂപയും ശിക്ഷ വിധിച്ച് ദേവികുളം അതിവേഗ കോടതി. ഇതോടെ പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി .

അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളുംചെയ്തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ ചെറുപ്പക്കാരാണ് പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. വിവിധ വകുപ്പുകൾ പ്രകാരം മൊത്തം 90 വർഷമാണ്തടവ്. ശിക്ഷകളെല്ലാം 25 വർഷം ഒന്നിച്ചനുഭവിച്ചാൽ മതി.

2022 മെയ്‌ 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ട ബലാത്സംഗം ചെയ്‌തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോൾ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു . കേസിൽ രണ്ടുപേര‍് പ്രായപൂർത്തിയാകാത്തവരാണ് ഇവരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്റ്റിസ്‍ ബോർഡാണ് പരിഗണിക്കുന്നത്. കേസിൽ തെളിവുകളുടെ അഭാവത്തിൽ ഒരാളെ ഇന്നലെ വെറുതവിട്ടിരുന്നു.