അനാവശ്യമായി MVD ബുദ്ധിമുട്ടിക്കരുത് ; റോബിൻ വിഷയത്തിൽ ഹൈക്കോടതി

കൊച്ചി: ടൂറിസ്റ്റ് സർവീസിനുള്ള ചട്ടങ്ങൾ കർശനമായി പാലിച്ചേ റോബിൻ ബസ് സർവീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർവീസ് ചട്ടങ്ങൾ ലംഘിച്ചാൽ വിഷയം സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവിട്ടു.

റോബിൻ ബസിന് ടൂറിസ്റ്റ് പെർമിറ്റ് അടയ്ക്കാനുള്ള സൗകര്യം നൽകണമെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സർക്കാരും ഗതാഗത വകുപ്പും നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഉത്തരവ്. ബസ് ഉടമ കെ. കിഷോർ ആദ്യം നൽകിയ ഹർജിയും കോടതി ഉത്തരവുണ്ടായിട്ടും നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി കാട്ടി പിന്നീട് നൽകിയ കോടതിയലക്ഷ്യ ഹർജിയും സിംഗിൾബെഞ്ചിന്റെ പരിഗണനയിലുള്ളത് കണക്കിലെടുത്താണ് അപ്പീൽ തീർപ്പാക്കിയത്.