തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കൊണ്ടെത്തിച്ച ശേഷം അതിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയാതെ കള്ളവാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ മാത്രമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണയും ഒന്നും നടപ്പാവാന്‍ പോകുന്നില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്. സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന വാഗ്ദാനം ഇടതു സര്‍ക്കാര്‍ വിഴുങ്ങി. കുടിശിക പോലും കൊടുക്കുമെന്ന് ഉറപ്പില്ല. പങ്കാളിത്ത പെന്ഷന് കാര്യത്തില്‍ ഇത്രയും കാലം ജീവനക്കാരെ പറ്റിച്ച സര്‍ക്കാര്‍ വീണ്ടും അവ്യക്തമായ പദ്ധതി പ്രഖ്യാപിച്ചു കബളിപ്പിക്കുന്നു. അധിക നികുതി അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ നികുതി കുടിശിക പിരിച്ചെടുക്കുകയോ ധനാഗമന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള, തെല്ലും ആത്മാര്‍ത്ഥതയില്ലാത്ത, പൊള്ളയായ രാഷ്ട്രീയ പ്രസംഗം മാത്രമാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.























