മകളുടെ മരണത്തില്‍ ചില സംശയങ്ങളുണ്ട്; അന്വേഷണത്തെ ‎ ഭയക്കുന്നത് ‎ എന്തിന് ‎ വന്ദനാദാസിന്റെ ‎ പിതാവ്

കോട്ടയം: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് മോഹന്‍ദാസ്. 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു.

നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു. ഏകമകളുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു.

2023 മേയ് 10-നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നെന്നാണ് കേസ്.