പുൽപ്പള്ളി സംഘർഷം; കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തു

പുൽപ്പള്ളി: വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തു. പുൽപ്പള്ളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്.

വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. കാട്ടാന ചവിട്ടിക്കൊന്ന പോളിൻറെ മൃതദേഹവും വഹിച്ചു കൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുന്നത്.