ആലപ്പുഴയിൽ 13 വയസുകാരന്റെ ആത്മഹത്യ; പി.ടി അധ്യാപകനെതിരെ പരാതിയുമായി ബന്ധുക്കൾ

ആലപ്പുഴ: കലവൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ അധ്യാപകനെതിരെ കുടുംബം. നിസാര കാര്യത്തിന് പിടി അധ്യാപകൻ ശിക്ഷിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മനോജ്-മീര ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർഥിയായ പ്രജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും സ്‌കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികൾ പറയുന്നത്.

കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂൾ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്ലസ് വൺ വിദ്യാർത്ഥിയായ പ്രണവ് സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഇളയ സഹോദരൻ സ്‌കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ കൂലിപ്പണിക്കാരനായ അച്ഛൻ മനോജും അമ്മ മീരയും വീട്ടിൽ ഉണ്ടായിരുന്നില്ല. മകന്റെ മരണത്തിന് കാരണം അധ്യാപകന്റെ ക്രൂരമായ ശിക്ഷാരീതിയാണെന്നും ഇതിൽ നിയമ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് കുടുംബം. എന്നാൽ വിദ്യാർത്ഥിക്ക് നേരെ ഒരുതരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ല എന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.