ഇടുക്കിയില്‍ പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ കാണാതായി

തൊടുപുഴ: തൊടുപുഴയിലെ സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വെച്ചായിരുന്നു സംഭവം.

പരീക്ഷ എഴുതാനാണ് കഴിഞ്ഞദിവസം പൈനാവിലെ സ്‌കൂളിലേക്ക് കൊണ്ടുപോയത്. സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പരീക്ഷ കഴിഞ്ഞ് പൈനാവില്‍നിന്ന് ബസില്‍ തൊടുപുഴയിലേക്ക് മടങ്ങുന്നതിടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ സംരക്ഷണകേന്ദ്രത്തിലെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.