കൊല്ലം കുണ്ടറയിൽ പോലീസിനെ നാലംഗസംഘം ആക്രമിച്ചു; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊല്ലം: കുണ്ടറയിൽ പോലീസിനെ നാലംഗസംഘം ആക്രമിച്ചു. കവലയിൽ ചിലർ തല്ലുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയായിരുന്നു നാലം​ഗ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപം കൂനംവിള ജങ്ഷനിനെ സംഘർഷം അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. എന്നാൽ, പോലീസിനെ കണ്ടതോടെ സംഘം ഇവർക്കെതിരെ തിരിഞ്ഞു. സംഭവത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എസ്.എൻ.സുജിത്ത്, എ.എസ്.ഐ. എൻ.സുധീന്ദ്രബാബു, സി.പി.ഒ.മാരായ ജോർജ് ജെയിംസ്, എ.സുനിൽ എന്നിവർക്ക് പരിക്കേറ്റു.

പോലീസിനെ ആക്രമിച്ച നാല് പേരെയും പിടികൂടി പോലീസ് ജീപ്പിൽ കയറ്റിയിരുന്നു. എന്നാൽ, ഇതിനിടയിൽ രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. പെരിനാട് മംഗലഴികത്തുവീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മിവിലാസത്തിൽ ചന്തു നായർ (23) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട സാനിഷ്, അരവിന്ദ് എന്നിവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.