മലപ്പുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം പുറത്തെടുത്തു

താനൂര്‍(മലപ്പുറം): മൂന്നുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

കുഞ്ഞിനെ മാതാവ് ജുമൈലത്ത് കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണെന്ന് മൊഴി. മാനഹാനി ഭയന്നാണ് കൊലപാതകം നടത്തിയതെന്നും ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും മാതാവ് മൊഴി നല്‍കി. ഒന്നര വര്‍ഷത്തോളമായി ജുമൈലത്ത് ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇതിനിടയില്‍ ഗര്‍ഭിണി ആയത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഈ മാസം 24നാണ് ഒട്ടും പുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്. 27ാം തിയതി ഡിസ്ചാര്‍ജ് ആയ ശേഷം വീട്ടിലെത്തിയ മാതാവ് കുഞ്ഞിനെ ബക്കറ്റില്‍ വെള്ളം നിറച്ച് മുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു കുട്ടികളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. തുടര്‍ന്ന് വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്.