പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കൊല്ലത്തു നിന്ന് ഇന്നു പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് സൂചന.

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. പ്രതി മലയാളി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയെ ഉപേക്ഷിച്ചു കളയാനുള്ള മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ടെന്നും അത് എന്താണെന്ന് ആറു മണിക്ക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.