കൊച്ചി: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവശ്യം. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

























