ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ മുതൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

അവസാന നിമിഷത്തെ തിരിമറിക്കൊടുവിൽ വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായി. മുരളീധരനു പകരം ഷാഫി പറമ്പിലാണ് വടകരയിൽ യുഡിഎഫ് സ്ഥാനാർഥി. കെ.സുധാകരൻ കണ്ണൂരിൽത്തന്നെ വീണ്ടും മത്സരിക്കും. തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി.

























