‘എന്റെ അണികളെ ഞാൻ വഴക്കുപറയും, അതിന് അവകാശമുണ്ട്’; വിശദീകരണവുമായി സുരേഷ് ​ഗോപി

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായ സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി നേതാവ് സുരേഷ് ഗോപി. തന്‍റെ അണികളെ വഴക്കുപറയാനുള്ള അവകാശം തനിക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സംഭവം ഏതുരീതിയിലാണ് പ്രചരിപ്പിച്ചതെന്ന് ജനങ്ങൾ മനസ്സിലാക്കുമെന്നും തൃശ്ശൂരിൽ സുരേഷ് ഗോപി പറഞ്ഞു.

‘അവിടെ ആളുകളുണ്ടായിരുന്നു. അവർ അവിടെ കുട്ടികളെ കാണാത്തതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. അതുകഴിഞ്ഞ് തിരിച്ചുപോകുന്നതിനായി കാറിൽ കയറുമ്പോൾ ആദിവാസികൾവന്ന് എന്റെ പ്രവർത്തകരുടെ മുന്നിൽവെച്ച് വോട്ടുകൾ ചേർത്തിട്ടില്ലെന്ന് പറഞ്ഞു. അപ്പോൾപിന്നെ എന്റെ പ്രവർ‌ത്തകരെ ഞാൻ വഴക്കുപറയും. അതിനുള്ള അവകാശം എനിക്കുണ്ട്, സുരേഷ് ഗോപി പറഞ്ഞു.

‘നാളെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ‌ പ്രവർത്തകർ വേണം ഇത്തരം വിഷയങ്ങൾ എത്തിക്കാൻ. അവർ എത്തിച്ചില്ലെന്ന് ജനങ്ങൾ പറഞ്ഞാൽ അന്നും ഞാൻ വഴക്കുപറയും. അതിന്റെ സൂചനയാണ് നൽകിയത്. എന്റെ അണികളെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം. ഇല്ലെങ്കിൽ എന്റെ ചെയ്യാനുള്ള ജോലി എനിക്ക് ചെയ്യാൻ പറ്റില്ല. വിഷയം ഏത് രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കോളും. അവരുടെ കൂടെ കാപ്പി കുടിക്കുന്ന വീഡിയോ ഇന്ന് ഞാൻ പുറത്തുവിടും. അത് ചെയ്ത ആളുകൾക്ക് ഞാനൊരു ലേബൽ കൊടുക്കും’, സുരേഷ് ഗോപി പറഞ്ഞു.

ശാസ്താംപൂവ് ആദിവാസി കോളനിയിൽ ശനിയാഴ്ച പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശവാസികളിൽ ചിലരുടെ പേരുകൾ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന് അറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം പ്രവർത്തകരോട് ക്ഷുഭിതനായത്. നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും സുരേഷ് ​ഗോപി പ്രവർത്തകരോട് ഭീഷണി മുഴക്കുകയായിരുന്നു.