കടമ്പനാട് വില്ലേജ് ഓഫിസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദമുണ്ടായതായി കുടുംബം ആരോപിച്ചു. രാവിലെ വന്ന ഫോണ്‍കോളിന് ശേഷമാണ് മനോജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്നും പൊലീസിന് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന് മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.തിങ്കളാഴ്ച രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശൂരനാട് എല്‍പിസ്കൂളിൽ അധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയ ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.ഇതിനു മുമ്പ് ആറന്മുള വില്ലേജ് ഓഫിസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫിസറായെത്തിയത്. കുറിപ്പെഴുതി വെച്ചശേഷമാണ് മനോജ് ജീവനൊടുക്കിയത്.

























