അശ്ലീല ഉള്ളടക്കം ; മലയാളം ആപ്പായ യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.

2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്കുകൾ, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.