കുടുംബപ്രശ്നം; യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശി നീനു (26) വിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആർഷലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൂനന്തായി എകെജി ന​ഗർ റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അക്രമിക്കപ്പെട്ടശേഷം നീനു സമീപത്തെ കടയിലേക്കു ഓടിക്കയറിയ യുവതിയെ ഇവിടെയുണ്ടായിരുന്ന ആളുകളാണ് ആശുപത്രിയിലെത്തിച്ചത്.

കഴുത്തിലേറ്റ മുറിവ് കൈകൊണ്ട് അമർത്തിപ്പിടിച്ച് നിലവിളിച്ചുകൊണ്ടാണ് യുവതി ഇവിടേക്കെത്തിയതെന്നും രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു എന്നും കടയുടമ പറഞ്ഞു. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആർഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. ഏഴ് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ട്.