മലപ്പുറത്ത് രണ്ടര വയസുകാരിയെ അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസുകാരി മരിച്ചു. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായാണ് പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്‍റെ ബന്ധുക്കളുടെ പരാതി.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണില്‍ വിളിച്ചപ്പോ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചെന്നാണ് പറഞ്ഞതെന്നും കുട്ടിയുടെ അമ്മയുടെ അമ്മ റംലത്ത് പറഞ്ഞു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു.


മകളുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ കൊന്നത്. കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞാണ് ഇവിടുന്ന് കൂട്ടികൊണ്ടുപോയത്. കട്ടിലില്‍ എറിഞ്ഞിട്ടും ശ്വാസമുട്ടിച്ചുമൊക്കെയാണ് കൊന്നത്. അവന്‍റെ വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവമെന്നും റംലത്ത് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ കാളികാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.