തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായി കുടുംബം ആശങ്ക പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ പറഞ്ഞു.


കഴിഞ്ഞ 9 നാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തന്നെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.























