തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യർത്ഥിച്ചുള്ള ഫ്ലക്സില്‍ ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനും, തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറും.
ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വി മുരളീധരന്റെ ഫ്ലക്സ്. പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് തൃപ്രയാർ തേവരുടെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് വിഎസ് സുനില്‍ കുമാറിന്റെ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രന്ധയില്‍ വന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎൻ പ്രതാപൻ ആണ് പരാതി നല്‍കിയിരിക്കുന്നത്.


നേരത്തെ നടൻ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍ കുമാറിനെ വെട്ടിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ തന്‍റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുത് അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിൻവലിച്ചിരുന്നു.
വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത് ഇടതുമുന്നണിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി മുരളീധരനുമൊപ്പം വിഗ്രഹത്തിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ് ഫ്ലക്സ് അടിച്ചിരുന്നത്. മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.























