കൊച്ചി: മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. അന്നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ്. പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് തോമസ് ഐസക്. നേരത്തെ അയച്ച സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി മേയ് 22ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയതിന്റെ പിറ്റേന്നാണ് ഇ.ഡി അടുത്ത സമൻസ് അയച്ചിരിക്കുന്നത്.

മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും തോമസ് ഐസക്കിന്റെ മൊഴി ഇക്കാര്യത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്.


ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നാണ് ഇ.ഡി പറയുന്നത്. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നും ഇ.ഡി പറയുന്നു.























