റിലീസിന് പിന്നാലെ ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. സംവിധായകൻ ബ്ലസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പിൽ ഉണ്ട്.


ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം. സമീപകാലത്ത് മലയാള സിനിമയിൽ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയർത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ബെന്യാമിൻറെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ഡെഡിക്കേഷൻറെ കാര്യങ്ങൾ പുറത്തുവന്നിരുന്നു.























