ദിലീപിന് വീണ്ടും തിരിച്ചടി; മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകരുതെന്ന ഹർജി തള്ളി. അതിജീവിതയ്ക്ക് വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ മൊഴിപ്പകർപ്പ് നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്നായിരുന്നു ദിലീപിന്റെ വാദം. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുകയുണ്ടായി. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുവാദം.

ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹർജിയിലായിരുന്നു നടപടി. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകുന്നത് നിയമ വിരുദ്ധമാണെന്നും തീർപ്പാക്കിയ ഹർജിയിൽ ഉത്തരവിറക്കിയത് തെറ്റെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാർഡ് അന്വേഷണ ഹർജിയിലെ എതിർകക്ഷിയായ ദിലീപിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടു. മെമ്മറി കാർഡ് കേസിൽ ദിലീപിന്റെ താൽപര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകർപ്പ് നൽകുന്നതിനെയും എട്ടാം പ്രതി എതിർക്കുന്നതെന്തിനെന്നുമായിരുന്നു അതിജീവിതയുടെ വാദം