പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ്(90) മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച വൈകീട്ട് ലക്ഷ്മിയെ കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്നാണ് പോസ്റ്റ് മോർട്ടം നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ചൂടു കൂടിയ സാഹചര്യത്തിൽ പാലക്കാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. 28, 29 തീയതികളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്.