കൊച്ചി: എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. യുവതിക്കൊപ്പം ആറു പെണ്‍കുട്ടികള്‍ കൂടി താമസിച്ചിരുന്നു. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്.

ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്.

























