കുമളി (ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്.

കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60),ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രർ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്.


മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. വിവരമറിഞ്ഞ് തമിഴ്നാട് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.























