പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ 1.30യ്ക്ക് സംസ്കാരം പൂർത്തിയായി. ഇന്ന് രാവിലെ 9 മണിവരെ ആയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ തിരുവല്ലയില്‍ എത്തിയത്. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം മെയ് 19 നാണ് കേരളത്തിലെത്തിച്ചത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് വിലാപയാത്രയായി തിരുവല്ലയിലെത്തിച്ചു. തുടര്‍ന്ന് സഭാ ആസ്ഥാനത്തെ പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മെത്രൊപ്പൊലീത്തയെ അവസാനമായി കാണാനെത്തിയത്. മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണൽ ബിന്നി, എംപിമാരായ കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാർ, വൈസ് പ്രസിഡന്റ് ബി കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.


അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി.























