തൃശൂര്‍: അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്ന് നിരവധി പേര് ഇരകളായെന്ന് സൂചന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത്.

സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ തൃശൂരില്‍ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും വ്യക്തമായി.


മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം രണ്ട് കൊല്ലത്തിനിടെ ഏഴ് പേര് അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സിഎ ബാബു പറയുന്നു. സംഭവത്തില്‍ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം പാതിവഴിക്ക് നിന്നുപോയെന്നും ബാബു ആരോപിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിഎ ബാബു മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പൊലീസ്, ബാബുവിന്റെയും വൃക്ക നഷ്ടപ്പെട്ടവരുടെയും മൊഴിയെടുത്തിരുന്നു. അന്നക്കര സ്വദേശി വിശ്വനാഥന്, ബേബി മനോഹരന് എന്നിവര്‍ ഇടനിലക്കാരെന്ന് മൊഴി ലഭിച്ചിട്ടും ഉപകാരപ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് ബാബു പറയുന്നത്.























