ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ മനുഷ്യവിരൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും കൈവിരലിന്റെ ഭാ​ഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം. ഡോ.ഒർലേം ബ്രെൻഡൻ സെറാവോ സെപ്റ്റോ ആപ്പ് വഴി ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിൽ നിന്നാണ് കൈവിരൽ ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

സെറാവോയുടെ നിർദേശപ്രകാരം സ​ഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്ത്. യമ്മോ ബ്രാൻഡിന്റെ മൂന്ന് കോൺ ഐസ്ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയിൽ നാവിൽ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാ​ഗമാണെന്ന് മനസ്സിലായത്.

താനൊരു ഡോക്ടറായതിനാൽ ശരീരഭാ​ഗങ്ങൾ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോൾ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മലാഡ്‌ പോലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.