നടൻ സലിംകുമാറിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്ററുകൾ; പൊലീസ്‌ കേസെടുത്തു

കൊച്ചി :പ്രമുഖ സിനിമാതാരം സലിംകുമാറിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ വടക്കേക്കര പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സുരേഷ് ഗോപിക്കെതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടന്‍ സലിംകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് സലിംകുമാർ അറിക്കുകയും ചെയ്‌തെങ്കിലും വ്യാജപോസ്‌റ്റുകൾ പിൻവലിക്കാത്ത സാഹചര്യത്തിലാണ്‌ കേസ്‌.