തിരുവനന്തപുരം: ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം. ഇതിനായി തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്സ് കമ്പനി വികസിപ്പിച്ച ആധുനിക റോബോട്ടാണ് വിമാനത്താവളത്തില്‍ ഉപയോഗിക്കുക. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ ജോയി മരിച്ച സംഭവത്തോടെയാണ് റോബോട്ടിനെ എത്തിക്കാൻ തീരുമാനിച്ചത്.

വിമാനത്താവളത്തിന്റെ ചുമതലയുള്ള അദാനി ഗ്രൂപ്പും ജെൻറോബോട്ടിക്സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണയായി. ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ജോലികള്‍ കൈകാര്യംചെയ്യാന്‍ കഴിയുന്ന വീല്ബോര് റോബോട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വാങ്ങുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്.


വലിയ റിഫൈനറികള്‍, ഓയില്‍ ടാങ്കുകള്‍, എസ്ടിപികള്‍, തുറന്ന ഡ്രെയിനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ ദോഷകരമായ മാലിന്യങ്ങളും രാസവസ്തുക്കളും ഉള്ള സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത റോബോട്ടാണ് ഇത്. വിമാനത്താവളത്തിലെ കനാല്‍ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യുന്നതിനുമൊക്കെ റോബോട്ടിനെ ഉപയോഗിക്കും.
ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയി അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ ജെൻറോബോട്ടിക്സ് വികസിപ്പിച്ച ബാന്‍ഡികൂട്ട്, ഡ്രാക്കോ എന്നീ റോബോട്ടുകളെ നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനം കണ്ട് ആകൃഷ്ടരായാണ് അദാനി ഗ്രൂപ്പ് കമ്പനിയെ സമീപിച്ചത്. രണ്ടുമാസത്തിനുള്ളില്‍ റോബോട്ടിനെ കൈമാറണമെന്നാണ് കരാര്‍. ജോയിക്ക് സംഭവിച്ചതുപോലുള്ള ദുരന്തം ഭാവിയില്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്‍ബോര്‍ റോബോട്ടിനെ വാങ്ങാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.























