വയനാട്ടില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം രൂപ ധനസഹായം നല്‍കും

ബത്തേരി: വയനാട് പുല്‍പള്ളിക്ക് സമീപം ചീയമ്പത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധാകരന്റെ കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം രൂപ ധനസഹായം നല്‍കും. കെഎസ്ഇബി 10 ലക്ഷവും റവന്യൂ വകുപ്പ് 4 ലക്ഷവും പട്ടിക വര്‍ഗ വകുപ്പ് 2 ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക.

വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധന്‍ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് സുധന്‍. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാന്‍ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ സുധന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കിലും, നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. ഇതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധ സമരം ആരംഭിച്ചു.

സ്ഥലത്തെത്തിയ ജില്ലാ കലക്ടറിന്റെയും തഹസില്‍ദാറുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു സുധന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചത്. സുധന്റെ ഭാര്യയ്ക്കു ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നു തഹസില്‍ദാരും അറിയിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായത്.