മലപ്പുറം: തിരൂര്‍ ബിപി അങ്ങാടി ഗവണ്മെന്റ് വെക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കൂളില്‍ വേണ്ടത്ര ഭൗതിക സൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. ക്ലാസ് മുറികളില്‍ പുഴുവും അട്ടയും പെരുകുകയാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടെ പുഴുക്കളും അട്ടയും വീണതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി ക്ലാസ് മുറിവിട്ട് പുറത്തേക്കിറങ്ങിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു.

സ്കൂളിന് സമീപത്തെ മരം മുറിച്ചു മാറ്റുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ ആര് ഡി ഡി യോട് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ പുഴു ശല്യം ഉണ്ടാകുന്ന മരം മുറിക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്കി. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

























