തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും കേരളം നടപടികള്‍ സ്വീകരിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത്. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തതെന്നാണ് അമിത് ഷാ ചോദിച്ചത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിരുന്നില്ല. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്ന് 29ന് നല്‍കിയ മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അപ്പോഴേക്കും അതിതീവ്ര മഴ പെയ്യുകയും ദുരന്തം സംഭവിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ ജൂലൈ 23-29 ദിവസങ്ങളില്‍ ഇരുവഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പു നല്‍കിയിരുന്നില്ല. ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെയാണ് അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.























