മേപ്പാടി: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല. ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.
























