കുട്ടികള്‍ക്ക് നല്‍കാൻ വച്ചിരുന്ന മുട്ട അടിച്ചുമാറ്റി അങ്കണവാടി ജീവനക്കാര്‍

ബംഗളൂരു: കുട്ടികള്‍ക്ക് നല്‍കാൻ വച്ചിരുന്ന മുട്ട അടിച്ചുമാറ്റിയ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ കോപ്പല്‍ ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. ലക്ഷ്മി, ഷൈനജാ ബീഗം എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന മുട്ടയാണ് ജീവനക്കാര്‍ അടിച്ചുമാറ്റിയത്. മുട്ട കുട്ടികള്‍ക്ക് കൊടുക്കുന്നതായുള്ള വീഡിയോ പകര്‍ത്തിയ ശേഷം എടുത്തുമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെഷൻസ് ജഡ്ജിയും ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം കൊപ്പൽ ജില്ലയിലെ 53 അങ്കണവാടികൾ പരിശോധന നടത്തി. പല അങ്കണവാടികളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു കുട്ടികളും അങ്കണവാടിയിലെത്തുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അങ്കണവാടിയിലെത്തുന്ന സാധനങ്ങള്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതായും കണ്ടെത്തി.

ഇതാദ്യമായല്ല കർണാടക അങ്കണവാടികളിലെ ഇത്തരം ശോചനീയാവസ്ഥ പുറത്തുവരുന്നത്. ജൂണിൽ, കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി (കെഎസ്എൽഎസ്എ), ബംഗളൂരുവിലെ സർക്കാർ നടത്തുന്ന അങ്കണവാടികളിലെ നിരവധി പോരായ്മകൾ കണ്ടെത്തിയിരുന്നു.