കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. അന്ത്യാഞ്ജലി അർപ്പിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖരുടെ നിരയെത്തി. ആൻറണി പെരുമ്പാവൂർ, എൻ എം ബാദുഷ, കുഞ്ചൻ, സിദ്ദിഖ്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ബി ഉണ്ണികൃഷ്ണൻ, ബാബു ആൻറണി, രവീന്ദ്രൻ, രൺജി പണിക്കർ, മനോജ് കെ ജയൻ തുടങ്ങിയവരൊക്കെ കളമശ്ശേരി ടൗൺ ഹാളിൽ എത്തി. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂർ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

























