തൃശൂർ: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താൽ അധ്യാപികയായ സെലിൻ അടിച്ചുവെന്ന പരാതിയിലാണ് നടപടി.

സംഭവത്തിൽ നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.


ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിൻ കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെൻഡ് ചെയ്‌തെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.























