മോസ്കോ : സിംഹങ്ങളുടെ ആക്രമണത്തിൽ മൃഗശാല സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു. ക്രിമിയൻ ഉപദ്വീപിലെ ടൈഗാൻ ലയൺ സഫാരി പാർക്കിലാണ് സംഭവം. മൂന്ന് സിംഹങ്ങൾ ചേർന്നാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ചീഫ് സൂ കീപ്പർ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടത്. 18 വർഷമായി ഈ മൃഗശാലയിലെ ജീവനക്കാരിയാണ് ലിയോകാഡിയ.

സിംഹങ്ങളുടെ കൂട് വൃത്തിയാക്കാൻ കയറിയപ്പോഴാണ് സിംഹങ്ങൾ അവരെ ആക്രമിച്ചത്. സിംഹക്കൂട്ടിലെ രണ്ടു മുറികളിലെ ഒരു മുറി അടച്ചിരുന്നില്ല. ഇതിനാലാണ് ഇത്തരമൊരു അപകടമുണ്ടായത് .’എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, കാരണം മൃഗങ്ങൾക്ക് സ്വന്തമായി അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല, ആ സമയത്ത് മറ്റ് ആളുകൾ ചുറ്റിലും ഉണ്ടായിരുന്നില്ല- പാർക്കിന്റെ ഉടമ ഒലെഗ് സുബ്കോവ് ബ്ലോഗിൽ കുറിച്ചു. ‘നിർഭാഗ്യവശാൽ ജീവനക്കാർ സംഭവം അറിഞ്ഞെത്തിയപ്പോഴേക്കും സിംഹങ്ങൾ ലിയോകാഡിയയെ കൊലപ്പെടുത്തിയിരുന്നു. അവർ ഒരു മികച്ച പരിശീലകയാണെന്നും അദ്ദേഹം പറഞ്ഞു.


സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്കോ ആസ്ഥാനമായുള്ള ക്രിമിയ ആൻഡ് സെവാസ്റ്റോപോൾ അന്വേഷണ സമിതി പറഞ്ഞു.























