‘മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നത്’: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ച പ്രതിയുടെ മൊഴി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആരെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ മടക്കി നൽകുമായിരുന്നുവെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ക്ഷേത്ര ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്നുമാണ് മോഷണം പോയത്.15നാണ് ക്ഷേത്രം ഭാരവാഹികൾ വിവരം പൊലീസിൽ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലാകുന്നത്.

പ്രതികൾ താമസിച്ചിരുന്ന ഹോട്ടലിൽ നൽകിയ പാസ്‌പോർട്ടിൽ നിന്നാണ് ഹരിയാന സ്വദേശികളാണെന്ന് മനസിലായത്. തുടർന്ന് ഹരിയാനയിൽ നിന്നും ഇവർ പിടിയിലാവുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായ ഗണേശ് ഝാ ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഡോക്ടറാണ്.