ബലാത്സംഗക്കേസിൽ സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും

കൊച്ചി: ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിച്ചതിനാൽ തേഡ് പാർട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങൾ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പൊലീസ് കോടതിയിൽ ഉയർത്തിയത്.

അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നുമാണ് കോടതിയെ സിദ്ദിഖ് ധരിപ്പിച്ചത്. താൻ എവിടെപ്പോയാലും പൊലീസ് നിരീക്ഷിക്കുന്നു, അജ്ഞാതരായ ചിലർ നിരീക്ഷിക്കുന്നു എന്നും സിദ്ദിഖ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന നിലപാടെടുത്ത് പൊലീസ് നിൽക്കുമ്പോഴാണ് സിദ്ദിഖിന് കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത്.