‘സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുത്’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുൽ ഗോപാൽ നൽകിയ ഹർജി കോടതി അംഗീകരിച്ചു. രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്, പീഡനക്കേസിന്റെ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി അഭിപ്രായപ്പെട്ടു. ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്.

പിന്നീട് കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും, തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കേസിൽ രാഹുലിന്റെ അമ്മയും പ്രതിയായിരുന്നു. കോഴിക്കോട് സ്വദേശിയും ജർമ്മനിയിൽ ജോലി ചെയ്യുന്നയാളുമാണ് രാഹുൽ. സംഭവം വിവാദമായതിനു പിന്നാലെ, രാഹുലും ഭാര്യയും തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കിയിരുന്നു. തങ്ങൾക്കിടയിൽ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതെല്ലാം പറഞ്ഞു തീർത്തുവെന്നും, ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഭർത്താവിനെതിരായ കേസ് റദ്ദാക്കണം. ഭർത്താവ് തന്നെ മർദ്ദിച്ചിട്ടില്ല. തെറ്റിദ്ധാരണകളുടെ പുറത്താണ് ആരോപണം ഉന്നയിച്ചതെന്നും യുവതി കോടതിയെ അറിയിച്ചു.