ഉത്സവങ്ങൾക്ക്‌ ആനയെ എഴുന്നളളിക്കൽ: അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ്‌ നിരീക്ഷിച്ചത്‌. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും കോടതി വിമര്‍ശിച്ചു.

തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി പരിഹസിച്ചു. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് ആനകളുടെ എഴുന്നള്ളത്ത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്‌. ക്ഷേത്ര കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. കൊല്ലൂർ മൂകാംബിക ശക്തി പീഠമാണ് അവിടെ ഒരു ആന എഴുന്നള്ളത്തുമില്ല. ഉള്ളത് രഥമാണെന്നും ഹൈക്കോടതി പറഞ്ഞു.