തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന്റെ പേരിൽ കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം പിറവന്തൂർ സ്വദേശിയായ അധ്യാപിക ശ്രുതിയെ (24) ശുചീന്ദ്രത്തെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ്. കാളീശ്വരി നിർദേശം നൽകി.

ശുചീന്ദ്രം പൊലീസാണ് ഇക്കാര്യം ശ്രുതിയുടെ കുടുംബത്തെ അറിയിച്ചത്. ഈ മാസം 29ന് കുടുംബത്തോട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസം മുൻപ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കിനെ വിവാഹം കഴിച്ച ശ്രുതിയെ 21നാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശുചീന്ദ്രം പൊലീസ് കേസെടുത്തു.


വിവാഹം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആയതിനാൽ ആർഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കാർത്തിക്കിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ചെമ്പകവല്ലി, കാർത്തിക് എന്നിവരുടെ മൊഴിയെടുത്തു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. പീഡനത്തെക്കുറിച്ച് പറയുന്ന സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭർത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി.
അതേസമയം, സംഭവത്തെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ആരോപണവിധേയയായ ഭർതൃമാതാവ് ചെമ്പകവല്ലിയുടെ നില ഗുരുതരമായി തുടരുകയാണ്.























