കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യൽ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്.

കേസിൽ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ, കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ വേണമെന്നാണ് പൊലീസ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്.

























